വിവാദങ്ങള്‍ക്കില്ല; സമ്പത്ത് പത്മനാഭന്റേത്: തിരുവിതാംകൂര്‍ രാജകുടുംബം

Temple
തിരുവനന്തപുരം: ”പത്മനാഭസ്വാമി ക്ഷേത്രവും രാജകുടുംബവുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്. ഒരുസുപ്രഭാതത്തില്‍ അത് ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നില്ല. പത്മനാഭ ദാസന്മാരായി ജീവിക്കുന്നതാണ് തിരുവിതാംകൂര്‍ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ കാര്യം”- നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് കവടിയാര്‍ കൊട്ടാരത്തിന് പറയാന്‍ ഇതിലേറെ മറ്റൊന്നുമില്ല. നിലവറകളെ ചൊല്ലിയുള്ള വിവാദങ്ങളും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും ചര്‍ച്ചയാകുമ്പോള്‍ കൊട്ടാരത്തില്‍ എല്ലാം പതിവുപോലെ തന്നെ.

ക്ഷേത്രഭരണം കോടതിയുടെ മേല്‍നോട്ടത്തിലായ ശേഷവും രാജകുടുംബത്തിന്റെ ദിനചര്യകളില്‍ കാര്യമായ മാറ്റമില്ല. എല്ലാം പത്മനാഭനില്‍ അര്‍പ്പിച്ച് കൊട്ടാരം അധികൃതര്‍ വിനീതരാകുന്നു. നൂറ്റാണ്ടുകള്‍ കാത്തുസൂക്ഷിച്ച നിധിശേഖരത്തെകുറിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയാറല്ല.

കാരണം, ആരെയും വിമര്‍ശിക്കുന്നതും എതിര്‍പ്പുകള്‍ക്ക് മറുപടി നല്‍കുന്നതും രാജകുടുംബത്തിന്റെ പാരമ്പര്യമല്ല. അതുകൊണ്ടുതന്നെ നിരന്തരമായി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും രാജകുടുംബത്തിന് താല്‍പര്യമില്ല- കോടതി ഉത്തരവ് വന്നശേഷമുണ്ടായ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന രാജകുടുംബം  മനസുതുറന്നു. ആരെയും വേദനിപ്പിക്കാനില്ല.

ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളെ കുറിച്ചും കോടതി നടപടിക്ക് ശേഷമുള്ള സാഹചര്യത്തെ കുറിച്ചും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. രാജകുടുംബം, പാരമ്പര്യം, ക്ഷേത്രാചാരം തുടങ്ങിയവയൊക്കെ തികച്ചും വൈകാരികമായി കാണുന്ന ജീവിതരീതിയും സംസ്‌കാരവുമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളിലൂടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കൊട്ടാരത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ തങ്ങള്‍ അപമാനിക്കപ്പെടുന്നതിലെ വേദന ഇവര്‍ മറച്ചുവെക്കുന്നുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള വൈകാരിക ബന്ധമാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. രാജകുടുംബത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവനകള്‍ തുടരുമ്പോഴും ഇവര്‍ക്ക് ആരോടും പരിഭവമില്ല. ‘ശ്രീപത്മനാഭന്റെ സമ്പത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിന് യാതൊരു അവകാശമോ ആഗ്രഹമോ ഇല്ല. അത് മുഴുവനും അന്നും എന്നും പത്മനാഭസ്വാമിയുടേത് മാത്രമാണ്’- ചോദ്യങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും രാജകുടുംബത്തിനുള്ള മറുപടി ഇത്രമാത്രം.

ഏഴു നടകളുള്ള ക്ഷേത്രത്തില്‍ ശ്രീപാദം, ചെമ്പകത്തുമൂട്ട് കവാടങ്ങള്‍ രാജകുടുംബത്തിനുള്ള പ്രവേശന വഴികളാണ്. അവിടെയും ക്യാമറയും പൊലീസുമുണ്ട്. 243 പൊലീസുകാരും പത്തു കമാന്‍ഡോകളും 58 ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറും 24 മണിക്കൂറും നിരീക്ഷണ സംവിധാനവുമുള്ള ക്ഷേത്രത്തില്‍ ക്രമക്കേട് നടന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാവും!

ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം കൈവശമുണ്ടായിരുന്ന രാജകുടുംബാംഗങ്ങള്‍ സാധാരണ പൗരന്മാരെപോലെ ക്ഷേത്രത്തിലെത്തി ആരാധന നടത്തേണ്ടി വരുന്ന സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിലവില്‍ രാജകുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ്.

വിമര്‍ശകര്‍ക്ക് മറുപടി പറയുന്നതിനെക്കാള്‍ നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് രാജകുടുംബം. ഓഗസ്റ്റിലാണ് ഇനി സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.
രാജകുടുംബത്തിനു നേരെയുള്ള ആരോപണങ്ങളെല്ലാം ഖണ്ഡിക്കാന്‍ കഴുയുമെന്നാണ് വിശ്വാസം. പത്മനാഭന് കാണിക്കയായുള്ള സ്വത്തുവകകള്‍ പത്മനാഭന്റേത് മാത്രമാണ്. അക്കാര്യത്തില്‍ രാജകുടുംബത്തിന് തര്‍ക്കമില്ല. സ്വത്തിന്റെ അവകാശമല്ല തര്‍ക്ക വിഷയം.

സ്വത്ത് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ്. തലമുറകളായി കാത്തുസൂക്ഷിച്ച സമ്പത്തിനെ കുറിച്ചുമാത്രമല്ല, ക്ഷേത്രക്കുളത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരാളുടെ മരണത്തിലെ ദുരൂഹത പോലും രാജകുടുംബത്തിനെതിരെ ഉപയോഗിക്കുകയാണ്. അതെല്ലാം കാലം തെളിയിക്കട്ടെ എന്ന പ്രതീക്ഷയിലാണ് രാജകുടുംബാംഗങ്ങള്‍.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>