1931ല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറ തുറന്നപ്പോള്‍

Temple.2

പഴയ ചരിത്രത്തിന് അന്ത്യംകുറിച്ചും പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചുമുള്ള നടപടികളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. നൂറ്റാണ്ട് കഴിയുമ്പോള്‍ ഈ ക്ഷേത്രത്തിന്റെ ആധുനികകാലം എന്ന് വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടായിരിക്കും. ഏഴു പോറ്റിമാര്‍ അടങ്ങിയ യോഗം അഥവാ ‘സഭ’യും കാര്യപരിപാടികള്‍ തയ്യാറാക്കുന്ന സഭാഞ്ജിതനും വസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും കൂടിയാണ് മതിലകം രേഖപ്രകാരം ഒരുകാലത്ത് ഈ ക്ഷേത്രം ഭരിച്ചിരുന്നത്.

സഭയെ ‘എട്ടരയോഗം’ എന്നാണ് വിളിച്ചിരുന്നത്. പോറ്റിമാരും വേണാട് രാജാവും ചേര്‍ന്നതാണ് സഭയെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ക്ക് അര വോട്ടിന്റെ വിലയേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റായ നടപടികള്‍ക്കുപോലും യോഗം കൂടുമ്പോള്‍ രാജാവ് മാപ്പ് പറയേണ്ടിയിരുന്നുപോല്‍. എന്നാല്‍ ഈ വാദത്തെ എതിര്‍ക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. അവരുടെ അഭിപ്രായത്തില്‍ ‘എട്ടരച’യോഗം ആണ്. അരചന്‍ എന്ന് ഉദ്ദേശിക്കുന്നത് രാജാവിനെയാണ്. നെയ്താശ്ശേരി, അത്തിയറ, മുട്ടവിള, അത്തിയറ (കൊല്ലൂര്‍), കൂവക്കര, കരുവെ, പൊന്‍കുഴി എന്നീ ഇല്ലങ്ങളിലെ പോറ്റിമാരായിരുന്നു എട്ടരയോഗത്തില്‍ ഉണ്ടായിരുന്നതെന്ന് മതിലകം രേഖകളില്‍നിന്നും മനസ്സിലാക്കാം. സ്വാമിയാര്‍ അഥവാ പുഷ്പാഞ്ജലി സ്വാമിയാര്‍ ആണ് ക്ഷേത്രത്തിന്റെ ചടങ്ങുകളുടെ അധിപന്‍. രാജാവ് ആദ്യകാലത്ത് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലായിരുന്നു.

എട്ടരയോഗം ശക്തമായിരുന്നു. യോഗത്തിന്റെ തീരുമാനം രാജാവിനെ അറിയിക്കുന്നത് ‘വാരിയം’ വഴിയായിരുന്നു. രാജാവും സഭ (യോഗം) യും തമ്മിലുള്ള തര്‍ക്കങ്ങളും ആഭ്യന്തര കലഹങ്ങളും പലപ്പോഴും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എന്നാല്‍ 1729ല്‍ അധികാരത്തില്‍വന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണത്തോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണത്തിന്റെ അലകും പിടിയും മാറി. അദ്ദേഹമാണ് ഇന്നത്തെ രൂപത്തില്‍ ക്ഷേത്രം പുതുക്കിപ്പണിതതും പുതിയ ചടങ്ങുകളും മറ്റും ഏര്‍പ്പെടുത്തിയതും. അന്നുമുതല്‍ തുടങ്ങിയ ക്ഷേത്രഭരണത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം ക്ഷേത്രച്ചടങ്ങുകള്‍ക്ക് മാറ്റം വരില്ല. കാരണം ‘ട്രസ്റ്റി’ ഇപ്പോള്‍ രാജകുടുംബസ്ഥാനീയനായ മൂലംതിരുനാള്‍ രാമവര്‍മ്മയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചടങ്ങുകളും ഉത്സവങ്ങളും പതിവുപടി തുടരും.

മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ഈ ക്ഷേത്രത്തില്‍ സ്വര്‍ണ-വജ്ര ആഭരണങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ സമ്പന്നമായ ചെമ്പകശ്ശേരി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്വത്ത് ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് മലബാറില്‍ നിന്നുവന്ന രാജാക്കന്മാരും പ്രഭുക്കന്മാരും കൊണ്ടുവന്ന സ്വത്ത് വഴിപാട്്, കാണിക്ക എന്നിവ വഴിയും പിഴയായും ലഭിച്ച സ്വത്ത് ഇതെല്ലാം നിലവറകളിലെ ശേഖരങ്ങളില്‍പ്പെടുന്നതായി പറയുന്നു. ഇതുകൂടാതെ രാജാക്കന്മാര്‍ ജനങ്ങളില്‍നിന്ന് പിഴയായും ധാരാളം ഈടാക്കിയിട്ടുണ്ടെന്ന് പറയുന്നുവെങ്കിലും ഇത്ര വലിയ സ്വര്‍ണ-വജ്ര നിക്ഷേപം നല്‍കാനുള്ള സമ്പന്നമായ ജനസമൂഹം അന്നുണ്ടായിരുന്നോ എന്നകാര്യം സംശയമാണ്.

അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശേഷമായിരിക്കാം ഈ ക്ഷേത്രത്തില്‍ ഇത്രവലിയ സമ്പത്തുണ്ടായത്. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ഹിരണ്യഗര്‍ഭം’ എന്ന ചടങ്ങ് നടത്താന്‍ 1739ല്‍ മാര്‍ത്താണ്ഡവര്‍മ്മ തന്നെ ഡച്ച് മേധാവി വാന്‍ ഇംഹോഫിനോട് പതിനായിരം കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടതായി രേഖ ഉണ്ട്. ഇത് മാര്‍ത്താണ്ഡവര്‍മ്മ ‘തൃപ്പടിദാനം’ വഴി രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കും മുമ്പുള്ള കാര്യം. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായിരുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ അഥവാ ധര്‍മ്മരാജാവ് ഭരിക്കുമ്പോഴാണല്ലോ ടിപ്പുസുല്‍ത്താന്റെ ആക്രമണം മലബാറില്‍ ഉണ്ടായതും തിരുവിതാംകൂര്‍ ഇംഗ്ലീഷുകാരുടെ സഹായം അഭ്യര്‍ഥിച്ചതും. യുദ്ധത്തില്‍ തിരുവിതാംകൂറിനെ സഹായിക്കാനാണ് ഇംഗ്ലീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനി ശ്രീരംഗ പട്ടണം ആക്രമിച്ചത്.

ടിപ്പുസുല്‍ത്താന്‍ പരാജയപ്പെട്ടു. എന്നാല്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിയും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം നല്‍കാനുള്ള വന്‍ കപ്പപ്പണം കൊടുക്കാന്‍ നിവൃത്തിയില്ലാതെ മഹാരാജാവ് വിഷമിക്കുന്ന രംഗം പി. ശങ്കുണ്ണി മേനോന്‍ ‘തിരുവിതാംകൂര്‍ ചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ ദിവാനായ രാജാ കേശവദാസന്‍ തന്ത്രപൂര്‍വം ഇടപെട്ടാണ് പ്രശ്‌നം രമ്യതയിലാക്കിയത്. ടിപ്പുവിന്റെ ആക്രമണ കാലത്ത് വമ്പിച്ച സ്വത്ത് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയ്ക്ക് എത്തിച്ചിരുന്നുവെങ്കില്‍ കമ്പനിക്ക് കപ്പം കൊടുക്കാന്‍ കഴിയാതെ അദ്ദേഹം വിഷമിച്ചതെന്തിന്? ഇനി വേലുത്തമ്പിദളവയുടെ കാലം എടുക്കാം.

തമ്പിയും ഇംഗ്ലീഷ് റസിഡന്റ് കേണല്‍ മെക്കാളയുമായി തെറ്റിയത് കപ്പ കുടിശ്ശികയുടെ പേരിലാണല്ലോ? ഇത്രയധികം നിക്ഷേപം അന്ന് ശ്രീപദ്മനാഭന്റെ നിലവറകളിലുണ്ടായിരുന്നുവെങ്കില്‍ അതിന്റെ ഒരംശം എടുത്ത് എന്തുകൊണ്ട് കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം ഉദിക്കുന്നു. ശ്രീപദ്മനാഭന്റെ സ്വത്ത് ഇത്തരം കാര്യങ്ങള്‍ക്ക് എടുക്കാറില്ലെന്നാണ് ഇതിന് ഉത്തരമായി ചിലര്‍ പറയുന്നത്. എന്നാല്‍ സംഗതി അതാണോ? പലപ്രാവശ്യവും പൊതു ആവശ്യത്തിന് ശ്രീപദ്മനാഭന്റെ ട്രഷറിയില്‍നിന്നും വന്‍തുക സര്‍ക്കാര്‍ കടം വാങ്ങിയതായി രേഖയുണ്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ പേര് ഇന്ന് എ മുതല്‍ എഫ് വരെയുള്ള അക്ഷരങ്ങളിലാണ്. എന്നാല്‍ മഹാഭാരത് കോണ്‍, വേദവ്യാസ കോണ്‍, സരസ്വതി കോണ്‍ എന്നീ പേരുകളിലായിരുന്നു മുമ്പ് നിലവറകള്‍ അറിയപ്പെട്ടിരുന്നത്. അതിനകത്താണ് പൂജാസാധനങ്ങളും ആഭരണങ്ങളും വിലയേറിയ കാഴ്ചവസ്തുക്കളും കാണിക്കകളും സൂക്ഷിച്ചിരുന്നത്. അന്ന് നിലവറകളെ ‘കല്ലറ’ എന്നാണ് മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൊല്ലവര്‍ഷം 914 (ഇംഗ്ലീഷ് വര്‍ഷം 1739) മുതല്‍ ഈ കല്ലറകളെപ്പറ്റി മതിലകം രേഖയില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കുടങ്ങളും വെള്ളിപ്പാത്രങ്ങളും മോഷണം പോയതിന്റെയും കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കിയതിന്റെയും മറ്റുമുള്ള എ.ഡി. 1904 വരെയുള്ള രേഖ ലഭ്യമാണ്. എന്നാല്‍ കൊല്ലവര്‍ഷം 1107 വൃശ്ചികമാസം (ഇംഗ്ലീഷ് വര്‍ഷം 1931) കല്ലറ തുറന്നതിനെപ്പറ്റി പ്രധാന പത്രങ്ങളിലെല്ലാം വലിയ വാര്‍ത്ത വന്നിരുന്നു.

ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ സാന്നിധ്യത്തില്‍ ദിവാന്‍, അക്കൗണ്ട്‌സ് ഓഫീസര്‍, സര്‍വ്വാധികാര്യക്കാരന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ തുറന്നത്. മതസംബന്ധമായ ചടങ്ങുകള്‍ക്കുേശഷമായിരുന്നു തുറക്കല്‍. അടിയന്തരമായ ആവശ്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സ് വെളിയില്‍ സജ്ജമാക്കിയിരുന്നു. 2000 കഴഞ്ച് തൂക്കമുള്ള 3000 സ്വര്‍ണക്കുടങ്ങളും വമ്പിച്ച സ്വര്‍ണ-വജ്ര നിക്ഷേപങ്ങളും പിച്ചളയില്‍ത്തീര്‍ത്ത നാലു വണ്ടികളിലുള്ള നാണയങ്ങളും ആറു അറകളുള്ള ചെമ്പ് പത്തായത്തില്‍ തങ്കക്കാശുകളും ഉള്‍െപ്പടെ വന്‍ ശേഖരമാണ് അവിടെ കണ്ടതെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നു. ഈ ശേഖരങ്ങളുടെ കണക്കുകള്‍ എടുത്തുവെന്നാണ് അറിയുന്നത്. ഇപ്പോള്‍ കണ്ടിട്ടുള്ള നിക്ഷേപങ്ങള്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ്. ഇതിന്റെയെല്ലാം പൂര്‍ണ വിവരം ലഭിച്ചാലേ നിധി വന്നവഴിയും അതിന്റെ ചരിത്രപശ്ചാത്തലവും പഠിക്കാന്‍ കഴിയൂ. അതുകൊണ്ട് നിധി വന്നവഴികളെപ്പറ്റി അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Reference: http://www.mathrubhumi.com/paramparyam/story.php?id=451570

 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>