ശ്രീപദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും – ലളിതാംബിക

Temple

ഒരു നോട്ടക്കുറവല്ലാതെ, രാജകുടുംബം ശ്രീപദ്മനാഭന്റെ അമൂല്യമായ സ്വത്ത് അപഹരിക്കുകയോ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയോ ചെയ്തു എന്ന രീതിയിലുള്ള ആരോപണം നിര്‍ഭാഗ്യകരമാണ്
കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടിരുന്നപ്പോള്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗംചെയ്ത് വീട്ടിലെ ജോലിക്കാരെയും മറ്റ് ആശ്രിതരെയും അവരറിയാതെ പാട്ടക്കാരാക്കിയും മക്കള്‍ക്കും ദത്തുപുത്രന്മാര്‍
എന്നപേരില്‍ മറ്റ് പലര്‍ക്കും പലതരത്തില്‍ ഇഷ്ടദാനം നല്‍കിയും വന്‍ ഭൂവുടമകള്‍ മിച്ചഭൂമി സര്‍ക്കാറിന് വിട്ടുകൊടുക്കാതിരിക്കാന്‍ വിവിധ അടവുകള്‍ പ്രയോഗിച്ചപ്പോള്‍ ഭൂനിയമം അക്ഷരാര്‍ഥത്തില്‍ അനുസരിച്ച് അവിവാഹിതനായ വ്യക്തി എന്ന നിലയില്‍ കൈവശംവെക്കാവുന്ന ഭൂമിമാത്രം തന്റേതായി െവച്ചിട്ട് മിച്ചഭൂമി മുഴുവന്‍ സര്‍ക്കാറിന് വിട്ടുകൊടുത്ത വ്യക്തിയാണ് മുന്‍ മഹാരാജാവ് ചിത്തിരതിരുനാള്‍
ശ്രീപദ്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജകുടുംബവും അടുത്തകാലത്ത് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്. സുപ്രീംകോടതി നിയമിച്ച അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചര്‍ച്ചകള്‍. പഴയ കൊച്ചിരാജ്യത്തിലും അതിലുപരി മലബാര്‍ പ്രദേശത്തുമുള്ളവര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ചും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചും മാധ്യമങ്ങളില്‍ വരുന്നതല്ലാത്ത വസ്തുതകള്‍ ഒന്നുംതന്നെ അറിയാന്‍ സാധ്യതയില്ല. ഈ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ ഒരു സമീപവാസിയായിരുന്ന ഞാന്‍ ചില വസ്തുതകള്‍ അവരുടെ അറിവിലേക്കായെങ്കിലും എഴുതേണ്ടത് എന്റെ കടമയാണെന്ന് വിശ്വസിക്കുന്നു.
ജനാധിപത്യഭരണം വന്നതോടെയാണ് മറ്റ് ക്ഷേത്രങ്ങളിലെപ്പോെല ഭക്തര്‍ ഇവിടെയും ദര്‍ശനത്തിനായി പോയിത്തുടങ്ങിയത്. ലോഹത്തില്‍ നിര്‍മിച്ച ചതുരാകൃതിയിലുള്ള ഒരു കാണിക്കപ്പെട്ടി മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഭക്തരുടെ കാണിക്കകൊണ്ട് ഇത്രയധികം മൂല്യമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിലുണ്ടാകാന്‍ സാധ്യതയില്ല.ദേവസ്വങ്ങളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നനിലയില്‍ കേരളത്തിലെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ദര്‍ശനംനടത്താനും അവിടത്തെ കാര്യങ്ങള്‍ മനസ്സിലാക്കാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. രണ്ടുവര്‍ഷം ശബരിമലയിലെ ചീഫ് കോഓര്‍ഡിനേറ്ററും ആയിരുന്നു. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട അമിക്കസ്‌ക്യൂറി, പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്നതായി ചൂണ്ടിക്കാണിക്കുന്ന ചില മഹാപരാധങ്ങളെക്കുറിച്ച് പ്രതികരിക്കാതിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഭഗവാന് നിവേദിച്ച പ്രസാദവും അപ്പവുമല്ല പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിതരണംചെയ്യുന്നത് എന്ന് അമിക്കസ്‌ക്യൂറി കുറ്റപ്പെടുത്തുന്നു.
ഭക്തരുടെ വന്‍ തിരക്കുള്ള മഹാക്ഷേത്രങ്ങളിലൊന്നുംതന്നെ ശ്രീേകാവിലിനുള്ളില്‍ ഭഗവാന്റെ മുന്നില്‍െവച്ച് നിവേദിച്ച പ്രസാദമല്ല വിതരണംചെയ്യുന്നത്. ഇത് പ്രാവര്‍ത്തികമല്ല. ശബരിമലക്ഷേത്രത്തിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് നല്‍കുന്ന അപ്പവും അരവണയും ഭഗവാന്റെ മുന്നില്‍ നിവേദിച്ച് കൊടുക്കുക സാധ്യമല്ല. പക്ഷേ, ക്ഷേത്രപരിസരത്തുതന്നെയാണ് അവ ഉണ്ടാക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അപ്പവും പ്രസാദവും ആധുനികരീതിയില്‍ ‘ഔട്ട്‌സോഴ്‌സിങ്’ നടത്തി പുറത്തുണ്ടാക്കി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് വിതരണംനടത്തുന്നുവെങ്കില്‍ അത് തെറ്റായ നടപടി തന്നെയാണ്.
എത്രതരം പ്രസാദം ഉണ്ടാക്കാനും പദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ ധാരാളം സ്ഥലസൗകര്യമുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ വളരെ സാധാരണമായ പ്രസാദഊട്ടും ഭഗവാന് നിവേദിച്ചിട്ടല്ല വിതരണം നടത്തുന്നത്. ചില ക്ഷേത്രങ്ങളില്‍ ഭക്ഷണം തയ്യാറായതിനുശേഷം ക്ഷേത്രത്തിലെ പൂജാരി അവിടെവന്ന് ധ്യാനിച്ച് തീര്‍ഥവും പൂക്കളും അര്‍പ്പിക്കാറുണ്ട്. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പാചകംചെയ്യുമ്പോള്‍ ദൈവാനുഗ്രഹമുണ്ടാകും എന്ന വിശ്വാസമാണ്. അതുപോലെ ഒരു ക്ഷേത്രത്തിലും കാണിക്കവഞ്ചി ദിവസവും തുറന്ന് എണ്ണിത്തിട്ടപ്പെടുത്തി വരവുവെക്കുന്ന പതിവില്ല.ഒരുകാര്യം വ്യക്തമാക്കാനുണ്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം ഒട്ടുംതന്നെ കാര്യക്ഷമമായ രീതിയിലല്ല നടക്കുന്നത്. ഔദ്യോഗിക സേവനത്തില്‍നിന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിച്ചുവരുന്നത്. നമ്മുടെ നാട്ടിലെ ഭരണസംവിധാനവുമായി തീരേ പരിചയമില്ലാത്ത ഈ ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. രാജകുടുംബാംഗങ്ങള്‍ പ്രത്യേക ശ്രദ്ധചെലുത്തി കാര്യമായ മാര്‍ഗനിര്‍ദേശം നല്‍കാറുമില്ല. തങ്ങള്‍ തിരഞ്ഞെടുത്ത് നിയമിച്ച ഉദ്യോഗസ്ഥരിലുള്ള അമിത വിശ്വാസമായിരിക്കാം കാരണം.

ഈ ഒരു നോട്ടക്കുറവല്ലാതെ, രാജകുടുംബം ശ്രീപദ്മനാഭന്റെ അമൂല്യമായ സ്വത്ത് അപഹരിക്കുകയോ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയോ ചെയ്തു എന്ന രീതിയിലുള്ള ആരോപണം നിര്‍ഭാഗ്യകരമാണ്. ഇടതുപക്ഷ ചായ്വുള്ള ശ്രീപദ്മനാഭസ്വാമി ടെമ്പിള്‍ എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രജീവനക്കാരുടെ പ്രമുഖ സംഘടന. ആ സംഘടനപോലും രാജകുടുംബാംഗങ്ങള്‍ ക്ഷേത്രമുതല്‍ കടത്തിക്കൊണ്ടുപോയി എന്ന ആരോപണം നടത്തിയിട്ടില്ല എന്നാണ് സംഘടനയുടെ നേതാക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ അമൂല്യനിധികള്‍ അപഹരിക്കണമെങ്കില്‍ 1950ലോ അതിന് മുമ്പോതന്നെ ചെയ്യാമായിരുന്നില്ലേ?
കവടിയാര്‍ കൊട്ടാരത്തില്‍ അവ സൂക്ഷിക്കാന്‍ ധാരാളം സ്ഥലസൗകര്യങ്ങളുമുണ്ട്. സാധാരണഭക്തരും ഈശ്വരനും തമ്മിലുള്ള ബന്ധംപോലല്ല രാജകുടുംബാംഗങ്ങള്‍ക്ക് ശ്രീപദ്മനാഭനുമായുള്ള ബന്ധം. ശ്രീപദ്മനാഭനില്‍ രാജകുടുംബത്തിന് പൂര്‍ണ സമര്‍പ്പണമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമല്ല, ക്ഷേത്രമുറ്റത്തുനിന്നുള്ള തരിമണല്‍പോലും കാലില്‍നിന്ന് തട്ടിയതിനുശേഷം മാത്രം ക്ഷേത്രത്തിന് പുറത്തേക്കുവരുന്ന ആചാരക്രമം പാലിക്കുന്നവരാണ് രാജകുടുംബാംഗങ്ങള്‍. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനമായുള്ള തെളിവുകള്‍കൂടി നല്‍കാന്‍ അമിക്കസ്‌ക്യൂറിക്ക് ഉത്തരവാദിത്വമുണ്ട്.
ഒരു സ്വര്‍ണപ്പണിക്കാരന് 17 കിലോ സ്വര്‍ണം കൊട്ടാരത്തില്‍നിന്ന് നല്‍കി എന്ന് പറയുമ്പോള്‍ രാജകുടുംബാംഗങ്ങള്‍ക്ക് അതിന് പകരമായി അവിഹിതമായി എന്ത് ലഭിച്ചു എന്ന് നമ്മെ അറിയിക്കേണ്ടതും അമിക്കസ്‌ക്യൂറിയുടെ ചുമതലയാണ്. അതുപോലെ ലോറിയില്‍ മണല്‍ക്കൂമ്പാരത്തിനടിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുപോയി എന്നും അമിക്കസ്‌ക്യൂറി ആരോപിക്കുന്നു. ഇതിനും വേണ്ട തെളിവുകള്‍ നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതുപോലെത്തന്നെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എതിര്‍കക്ഷിക്ക് അവസരം നല്‍േകണ്ടതായിരുന്നു.
വിദഗ്ധസമിതിയുടെ മുന്‍ അധ്യക്ഷന്‍ സി.വി. ആനന്ദബോസിന്റെ പ്രസ്താവനകള്‍ എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം നടത്തിയ കണ്ടെത്തലുകള്‍ ഉത്തരവാദിത്വമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ അമിക്കസ്‌ക്യൂറിയെ അറിയിക്കണമായിരുന്നു. ആനന്ദബോസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അമിക്കസ്‌ക്യൂറിക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കുമായിരുന്നു. ആനന്ദബോസ് അധ്യക്ഷനായിരുന്ന വിദഗ്ധസമിതിയിലെ അംഗവും ആനന്ദബോസിനുശേഷം കമ്മിറ്റിയുടെ ഇപ്പോഴത്തെ ചെയര്‍മാനുമായ പുരാവസ്തുവിദഗ്ധന്‍ ഡോ. എം. വേലായുധന്‍നായര്‍ ഒരു അഭിമുഖത്തില്‍, ആനന്ദബോസ് ഇത്തരം ഒരു ആരോപണം അദ്ദേഹം അധ്യക്ഷതവഹിച്ച ഒരു യോഗത്തില്‍പോലും ഉന്നയിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ആനന്ദബോസ് സ്ഥാനമൊഴിഞ്ഞതിനുശേഷമാണ് നിലവറകളിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഇത്രയും നീണ്ട ഇടവേളയ്ക്കുശേഷം ഇതുപോലുള്ള പ്രസ്താവനകളുമായി വരുന്നത് ആനന്ദബോസിന്റെ ഉദ്ദേശ്യശുദ്ധിയില്‍ത്തന്നെ സംശയം ഉളവാക്കുന്നു.അമിക്കസ്‌ക്യൂറി പേ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ടേംസ് ഓഫ് റഫറന്‍സില്‍ അതും ഉള്‍പ്പെട്ടിരുന്നോ എന്നറിഞ്ഞുകൂടാ. എല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം വാരിക്കോരി കൊടുത്തിട്ടുണ്ട്. തന്ത്രിക്ക് പ്രതിമാസം തുച്ഛമായ അഞ്ചുലക്ഷം രൂപ, ശാന്തിക്കാര്‍ക്ക് 90,000 രൂപ, ശ്രീകാര്യക്കാരന് 50,000, അസിസ്റ്റന്റ് ശ്രീകാര്യക്കാരന് 40,000 രൂപ, പാത്രങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്ക് 30,000 രൂപ… ഇങ്ങനെ പോകുന്നു ശുപാര്‍ശകള്‍. ഈ തുക അവര്‍ക്ക് കൈയില്‍ കിട്ടേണ്ടതാണെന്ന് (നെറ്റ് എമൗണ്ട്) രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പേ കമ്മീഷനും ഇങ്ങനെയൊരു ശുപാര്‍ശ നല്‍കിക്കണ്ടിട്ടില്ല. വഴിയില്‍കിടന്ന തേങ്ങയെടുത്ത് ഗണപതിക്കുടയ്ക്കാന്‍ ബുദ്ധിമുെട്ടാന്നും ഇല്ലല്ലോ.
രാജകുടുംബത്തിനുവേണ്ടി വക്കാലത്തുമായി എത്തിയതല്ല ഞാന്‍. നേരത്തേ സൂചിപ്പിച്ചതുപോലെ ക്ഷേത്രത്തെക്കുറിച്ചും രാജകുടുംബത്തെക്കുറിച്ചും തികച്ചും അജ്ഞരായവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്. കേരളത്തിന് പുറത്തുള്ള പല കൊട്ടാരങ്ങളും കാണാനും അവിടത്തെ രാജകുടുംബാംഗങ്ങളുമായി പരിചയപ്പെടാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആരുമായി താരതമ്യപ്പെടുത്തിയാലും ഏറ്റവും ലളിതജീവിതം നയിക്കുന്നവരാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍.
ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ വിനയപൂര്‍വമായ പെരുമാറ്റത്തിനുമുന്നില്‍ ഏത് അഹങ്കാരിയും സ്വയം ചെറുതായിപ്പോകുമെന്ന് തോന്നുമായിരുന്നു. രാജകുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്പംകൂടി അന്തസ്സുള്ള ഭാഷ ഉപയോഗിക്കേണ്ടതായിരുന്നു.ഈ അവസരത്തില്‍ ഒരു കാര്യംകൂടി രേഖപ്പെടുത്തുന്നത് അനുചിതമാകില്ലെന്ന് കരുതുന്നു. ഉദ്ദേശ്യം 45 വര്‍ഷംമുമ്പ് കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം പ്രത്യേകപ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടിരുന്നപ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ അതിന്റെ ചുമതല പിന്നീട് ചീഫ് സെക്രട്ടറിയായ അന്നത്തെ റവന്യൂബോര്‍ഡ് മെമ്പര്‍ അനന്തകൃഷ്ണനും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി ആയിരുന്ന എനിക്കുമായിരുന്നു. നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗംചെയ്ത് വീട്ടിലെ ജോലിക്കാരെയും മറ്റ് ആശ്രിതരെയും അവരറിയാതെ പാട്ടക്കാരാക്കിയും മക്കള്‍ക്കും ദത്തുപുത്രന്മാര്‍ എന്നപേരില്‍ മറ്റ് പലര്‍ക്കും പലതരത്തില്‍ ഇഷ്ടദാനം നല്‍കിയും വന്‍ ഭൂവുടമകള്‍ മിച്ചഭൂമി സര്‍ക്കാറിന് വിട്ടുകൊടുക്കാതിരിക്കാന്‍ വിവിധ അടവുകള്‍ പ്രയോഗിച്ചപ്പോള്‍ ഭൂനിയമം അക്ഷരാര്‍ഥത്തില്‍ അനുസരിച്ച് അവിവാഹിതനായ വ്യക്തി എന്ന നിലയില്‍ കൈവശംവെക്കാവുന്ന ഭൂമിമാത്രം തന്റേതായി െവച്ചിട്ട് മിച്ചഭൂമി മുഴുവന്‍ സര്‍ക്കാറിന് വിട്ടുകൊടുത്ത വ്യക്തിയാണ് മുന്‍ മഹാരാജാവ് ചിത്തിരതിരുനാള്‍. ഇങ്ങനെയുള്ള രാജകുടുംബത്തോട് തിരുവനന്തപുരത്തുകാര്‍ക്ക് ആദരവും സ്‌നേഹവും ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ പരിഹാസരീതിയിലുള്ള വ്യംഗ്യഭാഷ ഉപയോഗിക്കുന്ന ചില ചാനല്‍ അവതാരകര്‍ ഇനിയും പലതും പഠിക്കാനുണ്ട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റവും കാര്യക്ഷമമായും സുതാര്യമായുംതന്നെ നടക്കണം. ക്ഷേത്രത്തില്‍നിന്ന് മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കുറ്റക്കാരെ കണ്ടെത്തുകതന്നെ വേണം. അതിലേക്ക് ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെത്തന്നെ എടുക്കണം. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് പരിചയമുള്ള കെ.എന്‍. സതീഷിനെപ്പോലുള്ള സത്യസന്ധനും സമര്‍ഥനുമായ ഐ.എ.എസ്. ഉദ്യോഗസ്ഥന് ക്ഷേത്രഭരണം കുറ്റമറ്റതാക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
അതോടൊപ്പംതന്നെ പല പ്രമാദമായ അഴിമതിക്കേസുകളും പുറത്തുകൊണ്ടുവന്ന സമര്‍ഥനും ധീരനുമായ മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ്‌റായിക്ക് ശ്രീപദ്‌നാഭസ്വാമിക്ഷേത്രത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താനും കുറ്റക്കാരെ പുറത്തുകൊണ്ടുവരാനും ഭാവിയിലേക്ക് ശരിയായ പ്രവര്‍ത്തനശൈലിക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സാധിക്കും. അതുവരെ രാജകുടുംബാംഗങ്ങളെ വെറുതെ വിടുന്നതല്ലേ മാന്യത.
Reference: http://www.mathrubhumi.com/article.php?id=2910480

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>