ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍  ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ഇളയ തമ്പുരാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു .

1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ മഹാറാണി സേതു പാര്‍വതി ഭായിയുടെയും . കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും ഇളയ മകനായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ജനിച്ചത്‌ .

തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ പോയി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം.
അനാര്‍ഭാടമായ ജീവിതവും സമത്വചിന്തയും ആയിരുന്നു മഹാരാജാവിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ ‘ക്ഷേത്രപ്രവേശന വിളംബരം’ നടത്തിയ മൂത്ത സഹോദരന്റെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ‘ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദാസഭക്തനാ’ണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹതോടൊപ്പം ക്യാമറ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ചിത്രങ്ങളുടെ ചക്രവര്‍ത്തിയായി അദ്ദേഹം. എല്ലാ കായിക വിനോദങ്ങളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പുതിയ കാറുകള്‍, കുതിരസവാരി, ക്യാമറ, യാത്രകള്‍ എന്നിവയോട് വല്ലാത്ത കമ്പമായിരുന്നു അദ്ദേഹത്തിന്.
2012-ല്‍ കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു.2013 നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന്‍ ചാള്‍സിനെ സമ്മാനമായി നല്‍കുകയും ചെയ്തു.

2013 ഡിസംബര്‍ 16ന് പുലര്ച്ചെ 2.20 ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>