പ്രാചീന വാണിജ്യകേന്ദ്രമായ താഴത്തങ്ങാടി

Thazhathanagadi

രണ്ടരനൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ കേരളത്തിലെ ഏറ്റവും സജീവമായിരുന്ന വാണിജ്യകേന്ദ്രമായിരുന്നു തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോട്ടയത്തെ താഴത്തങ്ങാടി. തളിയന്താനപുരം ആസ്ഥാനമായി പഴയ കോട്ടയം വളര്‍ന്നുവികസിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശികളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു അങ്ങാടി എന്ന നിലയില്‍ താഴത്തങ്ങാടി ശ്രദ്ധ നേടിയിരുന്നു. എട്ടാം നൂറ്റാണ്ടില്‍ അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും ഇവിടുന്നു കയറിപ്പോകുന്ന കുരുമുളകിന് മതിപ്പ് നല്‍കിയിരുന്നു. മീനച്ചിലാറ്റിലൂടെ പുറക്കാട്ട് തുറമുഖത്തുനിന്നും കടന്നു വരുന്ന വിദേശികളുടെ പത്തേമാരികളും മരക്കലങ്ങളും ഇവിടെ മലഞ്ചരക്കിനായി കാത്തുകെട്ടിക്കിടന്നിരുന്നു. കച്ചവടത്തിലൂടെ ഇവിടുത്തെ സെമറ്റിക്ജനത വളരെയേറെ സാമ്പത്തികമായി പുരോഗമിച്ചിരുന്നു. ഈ സമ്പന്നതയില്‍ കൈകടത്താനാവണം പത്താം നൂറ്റാണ്ടോടു കൂടി കേരളബ്രാഹ്മണര്‍ പഴയ കോട്ടയത്ത് ഭരണകേന്ദ്രമായ ഒരു തളി സ്ഥാപിച്ചത്. പക്ഷെ അധികം വൈകാതെ തളിയുടെ സ്വാധീനം കുറയുകയും ചെയ്തു.

പതിമൂന്നാം നൂറ്റാണ്ടില്‍ അഞ്ഞൂറോളം അറബിക്കുതിരകളെ താഴത്തങ്ങാടിയിലെ കമ്പോളത്തില്‍വച്ച് കേരളത്തിലെ വിവിധ നാടുവാഴികള്‍ക്കായി കച്ചവടം ചെയ്യപ്പെട്ടതായി ചരിത്രമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജവംശം തങ്ങളുടെ തലസ്ഥാനം മണികണ്‌ഠപുരത്തുനിന്ന് തളിയന്താനപുരത്തേയ്ക്ക് മാറ്റിയതോടെ താഴത്തങ്ങാടിയിലെ വ്യാപാരങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു. കിഴക്കന്‍ദേശങ്ങളില്‍നിന്ന് മീനച്ചിലാറ്റിലൂടെ കൊണ്ടുവരുന്ന വാണിജ്യവിഭവങ്ങള്‍ പട്ടണത്തിന്‍റെ അതിര്‍ത്തിയിലെത്തുമ്പോള്‍ കടത്തുചുങ്കം പിരിക്കുന്നതിന് ഏര്‍പ്പാടാക്കി. താഴത്തങ്ങാടിയില്‍ പണ്ടികശാലകള്‍ കെട്ടിയുയര്‍ത്തി. കച്ചവടം മെച്ചപ്പെടുത്തുന്നതിന് ചെട്ടികള്‍,ക്നാനായ ക്രൈസ്തവര്‍, കൊങ്കണികള്‍, മേത്തര്‍വിഭാഗം മുസ്ലിങ്ങള്‍ തുടങ്ങിയവരെ വരുത്തിപ്പാര്‍പ്പിച്ചു. പോര്‍ച്ചുഗീസുകാരുടെ കാലത്ത് തെക്കുംകൂറിനു അവരുമായി നേരിട്ട് കച്ചവടബന്ധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും തെക്കുംകൂറിലെ വിഭവങ്ങള്‍ പുറക്കാട്ട് വച്ച് പോര്‍ച്ചുഗീസുകാരാണ് വാങ്ങിയിരുന്നത്.

AD 1664 ജൂലായ്‌ 14നു ഡച്ച് ക്യാപ്ടനായ ജേക്കബ് ഹ്യൂസ്റ്റാര്‍ട്ട് താഴത്തങ്ങാടിയിലെത്തി ഉണ്ടാക്കിയ കരാര്‍ മൂലം പില്‍ക്കാലത്ത് ഇവിടുത്തെ വ്യാപാരക്കുത്തക ഡച്ചുകാര്‍ക്ക് ലഭ്യമായി. അത് AD 1746 വരെ തുടര്‍ന്നു. അക്കാലത്ത് ഇംഗ്ലീഷ്കാരുമായി ഉണ്ടാക്കിയ ബന്ധം ഡച്ചുബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി. AD 1749ല്‍ തിരുവിതാംകൂറിന്‍റെ ആക്രമണത്തോടെ തെക്കുംകൂര്‍ തകരുന്നതോടെയാണ് താഴത്തങ്ങാടി ലോകവാണിജ്യ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. പില്‍ക്കാലത്ത് ആലപ്പുഴ വികസിച്ചപ്പോള്‍ കൊപ്ര, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ ഇവിടെനിന്നും കെട്ടുവള്ളങ്ങളില്‍ കയറിപ്പോയിരുന്നു. അത് കഴിഞ്ഞ നൂറ്റാണ്ടുവരെയും തുടര്‍ന്നിരുന്നു.

ചിത്രത്തില്‍ കാണുന്നത് പ്രധാന വ്യാപാരകേന്ദ്രം സ്ഥിതി ചെയ്തിരുന്ന ഭാഗത്തിന്‍റെ ഇന്നത്തെ ചിത്രമാണ്. തെക്കുംകൂറിലെ തരകുകാര്യക്കാരനായിരുന്ന താഴത്ത് ചാണ്ടപ്പിള്ള തരകന്‍റെ മാളികക്കെട്ടും കാണാം.

By കോട്ടയം നാട്ടുകൂട്ടം

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>