ഹംസധ്വനി രാഗം

Ragam

ഹംസധ്വനി രാഗം by Rajeev Pallikonam

കര്‍ണാടക സംഗീതത്തില്‍ അധികമൊന്നും ആഭിമുഖ്യമില്ലാത്തവര്‍ പോലും ഒരിക്കലെങ്കിലും കേള്‍ക്കുകയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സംഗീത സൃഷ്ടിയാണ് മുത്തുസ്വാമി ദീക്ഷിതര്‍ ഹംസധ്വനി രാഗത്തില്‍ രചിച്ച വാതാപി ഗണപതിം ഭജേഹം എന്ന കൃതി. ഹംസധ്വനി രാഗത്തിന്‍റെ സമസ്തഭാവവും ഈ കൃതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു.വടക്കന്‍ കര്‍ണാടകത്തിലെ ചാലൂക്യ രാജധാനിയായിരുന്ന ബദാമി (വാതാപി)യിലെ പ്രസിദ്ധമായ വിനായകക്ഷേത്രത്തിലെ വിഗ്രഹം ബിജാപ്പൂരിന്‍റെ ആക്രമണകാലത്ത് മറാത്താരാജാക്കന്മാര്‍ തഞ്ചാവൂരില്‍ കൊണ്ട് വന്നു പ്രതിഷ്ടിച്ചു. അവിടുത്തെ ഗണപതിയെ സ്തുതിച്ചാണ് ദീക്ഷിതര്‍ ഈ കൃതി രചിച്ചിരിക്കുന്നത്.
ഹംസധ്വനി രാഗത്തിന്‍റെ ഉപജ്ഞാതാവ് മുത്തുസ്വാമി ദീക്ഷിതരുടെ പിതാവും മഹാപണ്ഡിതനുമായിരുന്ന രാമസ്വാമി ദീക്ഷിതരാണ്. ഈ രാഗത്തിന്‍റെ സൃഷ്ടിക്കു കാരണമായ സംഭവം രസകരമാണ്. രാമസ്വാമി താമസിക്കുന്ന തെരുവില്‍ എന്നും ഒരു പാവക്കായ്‌ വ്യാപാരി എത്തുമായിരുന്നു. ഉന്തുവണ്ടിയില്‍ പാവക്കായ്‌ നിറച്ച് പുലര്‍ച്ചെ എത്തുന്ന ആ പാവം മനുഷ്യന്‍ പാവക്കായേ….പാവക്കായേ….എന്ന് സംഗീതാത്മകമായി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഓരോ ദിവസം കഴിയുംതോറും അയാള്‍ തന്റെ സ്വന്തം ഈണത്തെ കൂടുതല്‍ സംഗീതാത്മകമായി പരിഷ്കരിച്ചു കൊണ്ടേയിരുന്നു. ഈ വിളിച്ചുപറച്ചില്‍ ആ തന്‍റെ വ്യാപാരത്തിന് മെച്ചമുണ്ടാക്കുന്ന നിലയില്‍ ജനശ്രദ്ധയുണ്ടാക്കുകയും ചെയ്തു. തന്‍റെ മട്ടുപ്പാവിലിരുന്നു രാമസ്വാമി ഈ പാമരന്‍റെ സംഗീതപ്രകടനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരു സ്വരവിന്യാസം അവ്യക്തമായിക്കിടക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. അതില്‍ താല്പര്യം തോന്നിയ രാമസ്വാമി ദീക്ഷിതര്‍ ആ പ്രാക്രുതരൂപത്തില്‍ നിന്ന് സംസ്കരിച്ചെടുത്തതാണ് ഹംസധ്വനി രാഗം എന്ന ഒരു കഥയാണ് പ്രചാരത്തിലുള്ളത്.
കര്‍ണാടക സംഗീതത്തില്‍ പ്രചുരപ്രചാരം നേടിയെടുത്ത ഈ രാഗം ഹിന്ദുസ്ഥാനി സംഗീതത്തിലും തനതായ രൂപഭാവങ്ങളോടെ ദത്തെടുക്കപ്പെട്ടു. ഇന്ന് ഹിന്ദുസ്ഥാനി ഗായകരുടെയും ആസ്വാദകരുടെയും ഇഷ്ടരാഗമാണ് ഹംസധ്വനി.ആരോഹണത്തിലും അവരോഹണത്തിലും അഞ്ചുസ്വരങ്ങള്‍ ക്രമമായി വരുന്ന ഔഡവരാഗമാണിത്.

ആരോഹണം: സ രി ഗ പ നി സ
അവരോഹണം: സ നി പ ഗ രി സ
മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്‍റെ ജന്യമായി സങ്കല്പ്പിച്ചിരിക്കുന്നു. രി,നി എന്നിവ ജീവസ്വരങ്ങള്‍.
നിരവധി വാഗ്ഗേയകാരന്മാര്‍ വിവിധങ്ങളായ സംഗീതരൂപങ്ങള്‍ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഥകളി സംഗീതത്തിലും അനുയോജ്യമായ നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. മലയാള സിനമാഗാനശാഖയില്‍ ചെലുത്തിയ സ്വാധീനം ഒട്ടേറെ പാട്ടുകള്‍ക്ക് ജീവന്‍ പകരാന്‍ ഈ രാഗത്തിന് സാധിച്ചു.

ചില ഉദാഹരണങ്ങള്‍:
പുഷ്പാഭരണം വസന്തദേവന്‍റെ…
അനുരാഗമേ അനുരാഗമേ…..
മനതാരില്‍ എങ്ങും പൊന്‍കിനാവും…
സൌരയൂഥ പദത്തിലെന്നോ സംക്രമപ്പൂ വിരിഞ്ഞൂ….
ശ്രീപദം വിടര്‍ന്ന സരസീരുഹസ്സേ….
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ….
പാടുവാനായ് വന്നു നിന്‍റെ ….
പാടുവാന്‍ മറന്നു പോയി….
രാഗങ്ങളെ മോഹങ്ങളേ…
രാഗങ്ങളായ് നീ വരൂ…
ശ്രീവിനായകം നമാമ്യകം…
തുമ്പിപ്പെണ്ണേ വാ വാ …

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>