കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയം വലിയപള്ളിയും മാര്‍ത്തോമാ സ്ലീബകളും.

AD 1550ല്‍ സ്ഥാപിക്കപ്പെട്ട വലിയപള്ളിയാണ് കോട്ടയം പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. പത്താംനൂറ്റാണ്ടോടു കൂടി പഴയ കോട്ടയം പട്ടണത്തിന്‍റെ വ്യാപാരകേന്ദ്രമായ താഴത്തങ്ങാടിയിലും കാര്‍ഷികമേഖലയായ വേളൂരിലുമായി നിരവധി മാര്‍ത്തോമാ നസ്രാണികുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തിരുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ വെന്നിമല വിട്ട് തെക്കുംകൂര്‍ രാജവംശം കോട്ടയം ആസ്ഥാനമാക്കി. തളിയില്‍കോട്ട കെട്ടി ഭരണസിരാകേന്ദ്രം അവിടെയാക്കി. വ്യാപാരരംഗം മെച്ചപ്പെടുത്തുന്നതി നു നാട്ടില്‍ ഉണ്ടായിരുന്നവരെ കൂടാതെ നിരവധി ക്രൈസ്തവരെ മറ്റു സ്ഥലങ്ങളില്‍ നിന്നു വരുത്തി പാര്‍പ്പിക്കുകയും അവര്‍ക്കെല്ലാം ഭരണത്തില്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്തു.

AD 1523ല്‍ കോഴിക്കോട്സാമൂതിരിയുടെ ആക്രമണം കൊടുങ്ങല്ലൂരില്‍ ഉണ്ടായി. അതിനു നേതൃത്വം വഹിച്ച മാപ്പിളമാര്‍ പട്ടണത്തിനു തീയിടുകയും യഹൂദരെ കൊന്നൊടുക്കുകയും ചെയ്തു. അതോടൊപ്പം കൊടുങ്ങല്ലൂരിലെ ക്നാനായ ക്രൈസ്തവസമൂഹവും ഭീഷണിയിലായി. പ്രാണരക്ഷാര്‍ത്ഥം അവര്‍ അവിടെ നിന്നും തെക്കന്‍ദിക്കുകളിലേയ്ക്ക്പലായനം ചെയ്തു. കടുത്തുരുത്തിയില്‍ എത്തിച്ചേര്‍ന്ന ഒരു കൂട്ടം കുടുംബങ്ങള്‍ വടക്കുംകൂര്‍ രാജാവിന്‍റെ ആശീര്‍വാദത്തോടെ അവിടെ പള്ളി വെച്ച് ആരാധന തുടങ്ങി.

വ്യാപാരത്തില്‍ നിപുണരായ കുറെ ക്നാനായക്കാരെ കോട്ടയത്തിനു അയക്കണം എന്ന തെക്കുംകൂറിന്‍റെ ആവശ്യം മാനിച്ച് വടക്കുംകൂര്‍ രാജാവ് കുറെ ക്നാനായ കുടുംബങ്ങളെ കോട്ടയത്തേയ്ക്ക് അയച്ചു. AD 1543ല്‍ ഇടവഴിക്കല്‍ ചെറിയാന്‍ മാത്തു കത്തനാരുടെ നേതൃത്വത്തില്‍ പതിനൊന്നു കുടുംബങ്ങള്‍ തലമുറകളായി തങ്ങളുടെ കൈവശമിരുന്ന മാര്‍ത്തോമാ കുരിശ്ശുകളുമായി വഞ്ചികളിലേറി മീനച്ചിലാറ്റിലൂടെ കാരിക്കുഴിക്കടവില്‍ വന്നടുത്തു. രാജാവിനെ മുഖം കാണിച്ചതിന്‍ പ്രകാരം അവര്‍ക്ക് പുര കെട്ടി വസിക്കുന്നതിന് കോട്ടയുടെ പുറത്ത് താല്‍ക്കാലിക സൗകര്യം കൊടുത്തു. താഴത്തങ്ങാടിയുടെ വടക്കേഅറ്റത്തു വലിയങ്ങാടി എന്ന മറ്റൊരു വ്യാപാരകേന്ദ്രം അതോടെ ഉടലെടുത്തു. വിലയേറിയ ആഡംബരവസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളും ഈ അങ്ങാടിയുടെ പ്രത്യേകതയായിരുന്നു. കാലക്രമേണ കോട്ടയത്തെ വ്യാപാരത്തില്‍ ക്നാനായസമൂഹം അവഗണിക്കാനാവാത്ത ശക്തിയായി. ക്രിസ്ത്യാനികള്‍ക്ക് എന്താവശ്യവും നിറവേറ്റിക്കൊടുക്കുന്നതില്‍ തെക്കുംകൂര്‍ രാജാവ്ബദ്ധശ്രദ്ധനായിരുന്നു.

അക്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് കോട്ടയംപട്ടണത്തില്‍ പള്ളികള്‍ ഉണ്ടായിരുന്നില്ല. മിക്കവരും വീടുകളില്‍ പ്രാര്‍ത്ഥന കഴിക്കുകയും ചിലരൊക്കെ ഞായറാഴ്ചകളില്‍ വള്ളങ്ങളില്‍ കയറി ദൂരെ ദിക്കുകളിലുള്ള പള്ളികളില്‍ പോയി ആരാധനയില്‍ പങ്കുകൊള്ളുകയും ചെയ്തിരുന്നു. അതിനാല്‍ മാര്‍ത്തോമാക്കാരും (പരമ്പരാഗത നസ്രാണികള്‍) ക്നാനായക്കാരും സംയുക്തമായി രാജാവിനെ മുഖം കാണിച്ച് ഒരു പള്ളി വയ്ക്കുവാന്‍ ഇടം അനുവദിക്കണമെന്ന് അപേക്ഷിച്ചു. അതിന്‍പ്രകാരം കോട്ടയുടെ വടക്ക്ഭാഗത്തുള്ള വെറ്റാര്‍കുന്നില്‍ പള്ളി സ്ഥാപിക്കുന്നതിന് അനുമതി തെക്കുംകൂറിലെ ആദിത്യവര്‍മ്മ രാജാവ്നല്‍കി. അതിന്‍റെ ആധാരം താഴെ ചേര്‍ക്കുന്നു:

” കൊല്ലം ൭൨൫ മാണ്ടു മീനഞായറ്റില്‍ എഴുതിയ കാരാണ്മയോലക്കാര്യമാവിതു- വെണ്പലനാട്ടുടയ കേരളര് ആതിച്ചവര്‍മ്മര് കോവില്‍ അതികാരികളും അനന്തിരവനായ ഇരവി മണികണ്ടര് കോവില്‍ അതികാരികളും തങ്ങള്‍ക്കുള്ള കോട്ടയകത്ത് വെറ്റാര്‍കുന്നാകുന്ന പറമ്പില്‍ വടക്കേഭാഗത്ത്പള്ളി വൈപ്പാനും മതില്‍ക്കും ഗോപുരത്തിനും കൂടെ അതിനു വേണ്ട നിലത്തിനു നാലരുകൂടെ കണ്ട വെറും കാരാണ്മപ്പൊന്നും വാങ്ങിക്കൊണ്ടു കാരാണ്മയാകെ എഴുതിക്കൊടുത്ത കേരളരു ആതിച്ചവര്‍മ്മ കോവില്‍അതികാരികളും ഇരവിമണികണ്ടര് കോവില്‍ അതികാരികളും കൂടെ മകോതേവര്‍ പട്ടണത്ത് ചെറിയാന്‍ മാത്തുക്കത്തനാര്‍ക്കും സമസ്തായ നസ്രാണി മാപ്പിളമാര്‍ക്കും കൂടെ ഇമ്മാര്‍ക്കമേ വെറ്റാര്‍കുന്നായ പറമ്പില്‍ വടക്കേഭാഗത്ത് പള്ളി വൈപ്പാനും മതില്‍ക്കും ഗോപുരത്തിനും കൂടെ അതിനു വേണ്ട നിലത്തിനു നാലരുകൂടെ കണ്ട വെറും വില കാരാണ്മപ്പൊന്നും കൊടുത്തു കാരാണ്മയാകെ എഴുതിച്ചുകൊണ്ടൊരു ചെറിയാന്‍ മാത്തുകത്തനാരും സമസ്തായ നസ്രാണി മാപ്പിളമാരും കൂടെ കോവില്‍ അതികാരികളെകൊണ്ട് ഇമ്മാര്‍ക്കമേ. ഇപ്പുരയിടത്തിനു അതിര്കിഴക്ക് തെരുവഴിക്ക് പടിഞ്ഞാറു തെക്ക് ചാക്കൊവിന്‍റെ പീടിക വച്ചതിന്‍ വടക്ക്പടിഞ്ഞാറു കൊച്ചാപ്പള്ളിക്ക് കിഴക്ക് വടക്ക് കടവത്താറ്റുപുറത്തിന് വടക്ക് ഇന്നിലതിര്‍ക്കും അകത്തകപ്പെട്ടത്‌ നിലം എപ്പേര്‍പ്പെട്ടതും കാരാണ്മയാകെ എഴുതികൊടുത്താരു കോവില്‍അതികാരികള്‍ ചെറിയാന്‍ മാത്തുക്കത്തനാര്‍ക്കും സമസ്തായ നസ്രാണി മാപ്പിളമാര്‍ക്കും കൂടെ ഇമ്മാര്‍ക്കമേ. ഇപ്പള്ളിക്കു ആണ്ടുവരെയും കര്‍പ്പൂരവില കൊടുക്കുമാറു കല്‍പ്പിച്ച പുതുപ്പണം ൮ ഉം കൊടുത്തിരുപ്പു കത്തനാരും സമസ്തായ നസ്രാണി മാപ്പിളമാരുംകൂടെ ഇപ്പള്ളിക്കു ആണ്ടുവരെയും കേരളരു ആതിച്ചവര്‍മ്മര് കോവില്‍ അതികാരികള്‍ക്കും ഇരവികണ്ടര് കോവില്‍ അതികാരികള്‍ക്കും കൂടെ ഇമ്മാര്‍ക്കമേ, അതിനു അറിവും സാക്ഷി മഴുവഞ്ചേരില്‍ കണ്ടന്‍കിരാതനും നന്തിക്കാട്ട് നാരായണന്‍ നാരായണനും ഇരുളുവെളിവും ഇവര്‍കള്‍ അറികെ ഈ കാരാണ്മയോല കയ്യെഴുത്തായ മഴുവഞ്ചേരില്‍ നാരായണന്‍ രായിരന്‍ കയ്യെഴുത്തു.”

ആദ്യത്തെ പള്ളി മികച്ച വാസ്തുവിദ്യാരീതിയില്‍ തടിയില്‍ തീര്‍ത്തതായിരുന്നു. എന്നാല്‍ കാലക്രമേണ പള്ളിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടണ്ടതായി വന്നു. AD 1570ല്‍ ഇരവി മണികണ്‌ഠ രാജാവിന്‍റെ നിയോഗപ്രകാരം കൊച്ചിയില്‍ നിന്നെത്തിയ അന്തോണി എന്ന പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പിയും സംഘവും ചേര്‍ന്ന് പള്ളി ഇന്ന് കാണുന്ന നിലയില്‍ പുതുക്കിപ്പണിതു (നിരവധി പുതുക്കലും പരിഷ്കരണവും പില്‍ക്കാലങ്ങളില്‍ നടന്നിട്ടുണ്ട്).

ആരാധന തുടങ്ങി അധികകാലം കഴിയും മുമ്പേ ക്നാനായക്കാരും (തെക്കുംഭാഗക്കാര്‍) പരമ്പരാഗത മാര്‍ത്തോമാക്കാരും (വടക്കുംഭാഗം) തമ്മില്‍ ഭിന്നത ഉടലെടുത്തു. ന്യൂനപക്ഷമായിരുന്ന ക്നാനായക്കാര്‍ക്കായിരുന്നു പള്ളിയില്‍ മേല്‍ക്കൈ. അതില്‍ പ്രതിഷേധിച്ച് പരമ്പരാഗത മാര്‍ത്തോമാ നസ്രാണികള്‍ മറ്റൊരു പള്ളി പണിയുവാന്‍ തീരുമാനിച്ചു. AD 1579 ല്‍ ഔസേപ്പ് കത്തനാരുടെ നേതൃത്വത്തില്‍ അവര്‍ അന്നത്തെ രാജാവായ കോതതവര്‍മ്മയുടെ മുമ്പാകെ കിഴിപ്പണം നടക്കുവച്ച് മുഖം കാണിച്ചതിന്‍ പ്രകാരം ഇടം നല്‍കുകയും അപ്രകാരം സ്ഥാപിച്ചതുമാണ് കോട്ടയം ചെറിയപള്ളി.

കത്തോലിക്കാവല്‍ക്കരണത്തിന്‍റെ നാളുകളില്‍ വടക്കന്‍ പ്രദേശങ്ങളിലെ കത്തനാര്‍മാരുടെ സ്വാധീനത്തില്‍പെട്ട് ക്നാനായ സമുദായത്തില്‍ ഒരു വിഭാഗം റോമാവിശ്വാസത്തിലേയ്ക്ക് പോയി. അവരുടെയും എണ്ണം കൂടുതലാകയാല്‍ പള്ളിമേല്‍ അവകാശത്തര്‍ക്കമുണ്ടാകുകയും ചെയ്തു.
അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്ന കര്‍ണ്ണല്‍ മണ്‍റോയുടെ ഇടപെടലിലൂടെ പ്രശനപരിഹാരമാകുകയും അവര്‍ക്ക് പുതിയപള്ളി സ്ഥാപിക്കുന്നതിന് സ്ഥലവും പള്ളിവകകളില്‍ ഒരു വീതവും ലഭ്യമായി. അങ്ങനെ AD 1819 ല്‍ സ്ഥാപിതമായതാണ് ഇടയ്ക്കാട്ട് ഫെറോനാ പള്ളി.

വലിയപള്ളിയുടെ ത്രോണോസില്‍ ഇരുവശത്തുമായി ക്നാനായക്കാര്‍ കടുത്തുരുത്തിയില്‍ നിന്നും പോരുമ്പോള്‍ കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ പേര്‍ഷ്യന്‍ കല്‍ക്കുരിശ്ശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പുരാവസ്തു -ചരിത്രപണ്ഡിതന്മാര്‍ ഈ കുരിശ്ശുകളെ പഠന വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്‍റെ പുരാവസ്തു വിഭാഗം മേധാവി ആയിരുന്ന ഡോ. ബെര്‍ണ്ണലിന്‍റെ പഠനങ്ങളാണ് കൂടുതല്‍ ആധികാരികം. പൊതുവേ മാര്‍ത്തോമാ സ്ലീബകള്‍ എന്നറിയപ്പെടുന്ന ഈ കുരിസ്ശുകളില്‍ നിന്നാണ് കേരളത്തിലെ പരമ്പരാഗതമായ കുരിശ്ശു രൂപത്തിന്‍റെ രൂപഘടന പ്രചാരത്തിലാകുന്നത്. ഈ കുരിശ്ശുകളോട് സാമ്യമുള്ള പുരാതനകുരിശ്ശുകള്‍ കേരളത്തില്‍ തന്നെ വിവിധ പള്ളികളില്‍ കാണുന്നുണ്ടെങ്കിലും പഴക്കം കൊണ്ടും ആധികാരികത കൊണ്ടും വലിയപള്ളിയിലേത് തന്നെയാണ് ശ്രദ്ധേയം. മണീക്യന്‍ കുരിശ് എന്ന് ചരിത്രകാരന്മാര്‍ ഈ കുരിശ്ശുകളെ വിളിക്കുന്നു. മാണി മാര്‍ഗത്തിന്‍റെയും തരിയായ് ചെട്ടിമാരുടെയും കയ്യൊപ്പ് വീണതാണ് ഇവയെന്നും ചില ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. അതെ സമയം തോമാശ്ലീഹായുടെ കാലത്തേതെന്നും കാനായി തോമായുടെ കാലത്ത് കൊത്തിയുണ്ടാക്കിയതാണ് എന്നും ചില വിശ്വാസങ്ങളും ഉണ്ട്.

ഇടതുഭാഗത്ത് കാണുന്ന ചെറിയ കുരിശാണ് ഏറ്റവും പഴയത്. ഇതിനോട് സാമ്യമുള്ള മറ്റൊരു കുരിശ് തോമാശ്ലീഹ രക്തസാക്ഷിത്വം വരിച്ചെന്നു കരുതപ്പെടുന്ന മൈലാപ്പൂരിലെ പള്ളിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കുരിശ് ഏഴാം നൂറ്റാണ്ടിലെതെന്ന് ഡോ. ബെര്‍ണ്ണല്‍ പറയുന്നു. വലതു വശത്തുള്ള വലിയ കുരിശു പത്താം നൂറ്റാണ്ടിലെതാണ്. രണ്ടു കുരിശ്ശിലും പുരാതന പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ (Sassanian Kingdom) ഭരണഭാഷയായിരുന്ന പഹ്ലവി ലിപിയില്‍ എഴുത്ത് ഉണ്ട്. പത്താം നൂറ്റാണ്ടിലെ വലിയ കുരിശില്‍ എസ്ത്രങ്ങേലി സുറിയാനിയില്‍ മറ്റൊരു ലിഖിതവും കാണപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവസഭകളില്‍ മാറി മാറി വരുന്ന വിദേശസ്വാധീനം ഇത് വ്യക്തമാക്കുന്നു! തമിഴ്നാട്ടില്‍ നിന്നും പേര്‍ഷ്യന്‍-സുറിയാനി കച്ചവടക്കാരുടെ സഹായത്താല്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്ന ഈ കുരിശ്ശുകള്‍ അവിടുത്തെ ക്രിസ്ത്യാനികളില്‍ മേല്‍ക്കൊയ്മയുണ്ടായിരുന്ന ക്നാനായക്കാരുടെ കൈവശം എത്തിച്ചേര്‍ന്നതാവാം. ഈ കുരിശു കാണുന്നതിനും അതിനെ കുറിച്ച്പഠിക്കുന്നതിനും വിദേശ സര്‍വകലാശാലകളില്‍നിന്നു പോലും ചരിത്ര വിദ്യാര്‍ത്ഥികള്‍ വലിയപള്ളി സന്ദര്‍ശിക്കാറുണ്ട്.

ആദ്യകാലത്തെ പള്ളിയുടെ ഭാഗമായിരുന്ന കരിങ്കല്‍ കമാനം പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ കേരളീയമായ കൊത്തുപണികള്‍ ശ്രദ്ധേയമാണ്.പള്ളിയുടെ കിഴക്കേ നടയുടെ താഴെയായി സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശും പ്രത്യേകതയുള്ളതാണ്. ചെങ്ങന്നൂരില്‍ നിന്നും കൊത്തിയുണ്ടാക്കി കൊണ്ടുവന്നതാണിത്.

ക്നാനായ സഭയുടെ ആത്മീയ പിതാവായിരുന്ന മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ കബറിടം പള്ളിയോടു ചേര്‍ന്ന് കാണാം.
ചിങ്ങവനം ആസ്ഥാനമായ ക്നാനായ യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള പള്ളിയാണ്.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>