തൃപ്പൂണിത്തുറയിലെ മണിമാളിക by Rameshan Thampuran

 

Thripponithara Manimalika

 

 

 

 

 

തൃപ്പൂണിത്തുറയിലെ മണിമാളിക
—————————————————–

കോട്ടയ്ക്കകത്തു നടുനായകനായി, വാനം
മുട്ടാനുയര്‍ന്നു വിലസും മണിമാളികാഖ്യ,
തിട്ടത്തിലാ മിഥുനമാസമതിങ്കലായ്, തീ‍‍‍-
പ്പെട്ടാ നൃപാലവരനിര്‍മ്മിതിയല്ലയോ നീ.

പൂര്‍ണ്ണത്രയീപുര പുരാതാന പുണ്യഭൂവി-
ലര്‍ണ്ണോജനേത്രപദഭക്തി നിറഞ്ഞു നിത്യം
കര്‍ണ്ണാമൃതസ്വനമെഴും മണിമുട്ടി പാപ-
നിര്‍ണ്ണേജനാര്‍ത്ഥമമരുന്നിതു പൂര്‍വ്വഭാഗേ.

മുട്ടാതെ കാലമൊരുപാടു കഴിച്ചു പാന്ഥര്‍-
ക്കൊട്ടാകെ നീ സമയദര്‍ശനമേകിയേകി
മട്ടാകെ മാറി, ബത നിന്‍ മണി കൃത്യമായി
മുട്ടാതെയായ്; സമയദോഷമതോ നിനക്കും ?

നില്‍ക്കുന്നു നിന്‍റെ ഹൃദയം ചില നേര;മപ്പോള്‍
നില്‍ക്കുന്നു കാലമറിയാതെ പകച്ചു മര്‍ത്ത്യര്‍
നില്‍ക്കുന്നു നീ ഗതയുഗസ്മൃതി തന്നിലാണ്ടു
നല്‍ക്കുന്നു പോല്‍ തലയുയര്‍ത്തി ഗഭീരശാന്തം.

മെല്ലിച്ചു നീണ്ട തനുവും, കുടുമശ്ശിരസ്സും,
തെല്ലിണ്ടലാണ്ട മുഖവും, കരമൊന്നൊടിഞ്ഞും,
പല്ലിന്നു കേട്, ഹൃദയശ്രുതി താഴ്ന്നു, നാമം
ചൊല്ലിപ്പതുക്കെ മരുവുന്നിതു വൃദ്ധനാം നീ.

കാലം ചലിക്കുവതിനൊത്തു പിറന്ന നാടിന്‍
കോലം മറിഞ്ഞതുമറിഞ്ഞു ഭവാന്‍ വസിപ്പൂ
ആലംബമറ്റു നഗരത്തില്‍, നിനക്കു കഷ്ട-
കാലം തുടങ്ങി, പുതിയോര്‍ക്കു പഴഞ്ചനായ് നീ.

സായന്തനത്തില്‍ മണിമാളികതന്‍ ചുവട്ടി-
ലായൊത്തുകൂടി മരുവും ജനസഞ്ചയത്തിന്‍
വായില്‍ വിടര്‍ന്ന പരദൂഷണഭാഷണങ്ങള്‍
നീയെത്ര കേട്ടു! തവ ദുസ്ഥിതിയോര്‍ത്തുപോയ് ഞാന്‍.

ആ വിണ്ണവര്‍ക്കഭയമേകിന കാലകാലന്‍
സേവിച്ചു പണ്ടു കഠിനാത്മകകാളകൂടം
ഭൂവിന്നു രക്ഷയരുളുന്നതിനായഹോ നീ
വേവിച്ചിടുന്നു തല മിന്നല്‍ കുടിച്ചു നിത്യം.

സേവിച്ചു നീ മണിയടിച്ചു ജനത്തെ; യിന്നു
ജീവിക്കുവാന്‍ മണിയടിക്കുക തന്നെ വേണം
ആവില്ലതിന്നു തവ, യെങ്കിലുമാ പ്രതാപം
ഭാവിച്ചു നില്‍ക്കുകില്‍ നിനക്കു വിപത്തു തന്നെ.

എല്ലാം മറന്നിടുക ഹേ മണിമാളികേ, നിന്‍
നല്ലാദിനങ്ങള്‍ ബത പോയി മറഞ്ഞുവല്ലോ
അല്ലല്‍പ്പെടായ്ക തവ നഷ്ടവസന്തമോര്‍ത്തി-
ട്ടെല്ലാര്‍ക്കുമുണ്ടു സുഖദുഃഖവിപര്യങ്ങള്‍.

RT

 

 

 

 

 

By Rameshan Thampuran

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>