ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

പഴയ കോട്ടയത്ത് വേളൂര്‍ കരയുടെ വടക്കുഭാഗത്ത് പള്ളിക്കോണം പാടശേഖരങ്ങളോട് ചേര്‍ന്നുള്ള പുരാതനമായ മുഞ്ഞനാട്ടു കളരിത്തറയില്‍ പ്രതിഷ്ടിതമായ ദേവീക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്‍റെ തൊട്ടു പിന്‍ഭാഗത്തുകൂടി തെക്കുംകൂര്‍ രാജവാഴ്ച്ചക്കാലത്തെ കോട്ടയം -ചങ്ങനാശ്ശേരി രാജകീയ ജലപാതയായിരുന്ന പള്ളിക്കോണം തോട് ഒഴുകുന്നു. അല്‍പ്പം മുന്‍പിലായി വടക്കുകിഴക്ക് ഭാഗത്ത് തിരുനക്കര ക്ഷേത്രത്തിലെ കാളയെ പോറ്റുന്നതിനായി തെക്കുംകൂര്‍ രാജാവ് കല്‍പ്പിച്ചു നല്‍കിയ കാളക്കണ്ടം കാണാം. ഇന്നത് അന്യാധീനപ്പെട്ടിരിക്കുന്നു!!! ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ കരയിലാണ് മുഞ്ഞനാട്ടു ഭവനവും കാവും. തെക്കുംകൂറിന്‍റെ ഭരണകാലത്തിനു മുമ്പ് കോട്ടയത്തെ നാടുവാഴിയായും തെക്കുംകൂര്‍ കാലത്ത് അവര്‍ക്ക് കീഴ്പെട്ട് മുഖ്യസൈന്യാധിപസ്ഥാനം വഹിച്ചും കോട്ടയത്തിന്‍റെ ചരിത്രത്തില്‍ ഇടം നേടിയ മുഞ്ഞനാട്ടു പണിക്കര്‍മാരുടെ തറവാടും അവര്‍ ആചരിച്ചുവന്ന സര്‍പ്പക്കാവും ആധുനികമായ മാറ്റങ്ങളോടെ ഇന്നും നിലനില്‍ക്കുന്നു.

ഈ ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് ഈ പ്രദേശം മുഞ്ഞനാട്ടു പണിക്കര്‍മാരുടെ കാലാകാലമായുള്ള സൈനികപരിശീലന കേന്ദ്രം(കളരി) ആയിരുന്നു. വേളൂര്‍ പ്രദേശത്തെ നായര്‍ യുവാക്കളെ മുഞ്ഞനാട്ടു പണിക്കര്‍ ആയുധപരിശീലനം കൊടുത്തിരുന്നു. ഇത്തരം നിരവധി കളരികള്‍ തെക്കുംകൂര്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഉണ്ടായിരുന്നു. യുദ്ധഭീഷണി ഉണ്ടാകുന്ന കാലത്ത് ഈ കളരികളെ ഏകോപിപ്പിക്കുമായിരുന്നു. ഈരയിലെ നൈനാടത്തു പണിക്കരുടെ കളരി, ചങ്ങനാശ്ശേരിയിലെ വാഴപ്പാട്ട് പണിക്കരുടെ കളരി, വാകത്താനത്ത് നന്തിക്കാട്ട് പണിക്കരുടെ കളരി, അയ്മനം കുറുപ്പം വീട്ടില്‍ കൈമളുടെ കളരി, എരമല്ലൂര്‍ അഞ്ചേരി പുന്നൂസ് മാപ്പിളയുടെ കളരി, കാഞ്ഞിരപ്പള്ളിയിലെ ഉണ്ണിമാത്തു തരകന്‍റെ കളരി, നാവികസൈന്യത്തിനായുള്ള താഴത്തങ്ങാടിയിലെ വാഴക്കൂട്ടത്തില്‍ മമ്മാലിയുടെ കളരി ഇതൊക്കെ അവയില്‍ ചിലത് മാത്രം.

മുഞ്ഞനാട്ടു കളരിയിലെ സൈനികപരിശീലനം നേരില്‍ കാണുവാന്‍ മിക്കപ്പോഴും സായാഹ്നങ്ങളില്‍ തെക്കുംകൂര്‍ തമ്പുരാന്‍ ഇവിടേയ്ക്ക് എഴുന്നള്ളിയിരുന്നു. തളിയില്‍ കോട്ടയിലെ “ഇടത്തില്‍” നിന്നും നിന്നും തെക്കെ കോട്ടവാതില്‍ കടന്നു താഴത്തെ ഇടത്തിലെത്തി “കോട്ടയം കടവില്‍” നിന്നും തണ്ട് വച്ച വഞ്ചിയിലേറിയാണ് തമ്പുരാന്‍ വന്നിരുന്നത്.

രാജവാഴ്ച്ചക്കാലത്ത് മുഖ്യ സൈന്യാധിപസ്ഥാനം വഹിച്ചിരുന്നതിനാല്‍ മുഞ്ഞനാട്ടു പണിക്കര്‍ക്കും കുടുംബത്തിനും വേളൂര്‍ പ്രദേശത്ത് അക്കാലത്ത് വലിയ പ്രാമാണികത ഉണ്ടായിരുന്നു. തെക്കുംകൂര്‍ രാജവംശം കോട്ടയം തളിയോടു ചേര്‍ന്ന് കൊട്ടാരം വച്ച് ആസ്ഥാനമാക്കുന്ന പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് കോട്ടയം തളിയിലെ തളിയാതിരിയായിരുന്ന ഒരു ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ മുഞ്ഞനാട്ടു ഭവനത്തിലെ ഒരു മഹതിയെ ആചാരപ്രകാരം സംബന്ധം ചെയ്തിരുന്നു. തളിയിലെ ആചാര്യസ്ഥാനം ഒഴിഞ്ഞതിനു ശേഷം അദ്ദേഹം സ്വടെഷത്തെയ്ക്ക് തിരികെ പോകാതെ മുഞ്ഞനാട്ടു ഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടി. അദ്ദേഹം തന്‍റെ ഉപാസനാമൂര്‍ത്തിയായ ശ്രീഭുവനേശ്വരിയെയും ഗണപതി, ശിവന്‍, മഹാവിഷ്ണു, സുബ്രഹ്മണ്യന്‍, ധര്‍മ്മശാസ്താവ്, ഭദ്രകാളി, ശങ്കരനാരായണന്‍ എന്നീ മൂര്‍ത്തികളെയും അറയ്ക്കുള്ളില്‍ വച്ച് നിത്യേന പൂജ ചെയ്ത് ആരാധിച്ചിരുന്നു. ആ യോഗിവര്യന്‍റെ കാലശേഷം വഴിയാംവണ്ണമുള്ള ആരാധന മുടങ്ങുകയും പിന്നെയും വര്‍ഷങ്ങളോളം ഈ ബിംബങ്ങള്‍ ആരുമറിയാതെ അറയ്ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയുമുണ്ടായി.

മുഞ്ഞനാട്ടു കുടുംബത്തില്‍ പില്‍ക്കാലത്തുണ്ടായിക്കൊണ്ടിരുന്ന ഐശ്വര്യക്ഷയം ഇത് ഹേതുവാകകൊണ്ടാണെന്ന് പ്രശ്നവശാല്‍ ബോധ്യപ്പെട്ടതിനാല്‍ ഈ വിഗ്രഹങ്ങളെ പുറത്തെടുത്ത് ആചാര്യവിധിപ്രകാരം ക്ഷേത്രം പണിത് പ്രതിഷ്ടിച്ചു. പഴയ കളരിത്തറയോട് ചേര്‍ന്നാണ് ഈ ക്ഷേത്രം ഇരിക്കുന്നത്. ഒറ്റ സ്രീകൊവിലുള്ള ക്ഷേത്രത്തില്‍ ഈ മൂര്‍ത്തികളെല്ലാം ഒന്നിച്ചു തന്നെയാണ് ഇരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കി പണിതു.

AD 1749 സെപ്തംബര്‍ 11 നു തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം രാമയ്യന്‍ദളവയുടെ നേതൃത്വത്തില്‍ തളിയില്‍ കോട്ടയില്‍ കടന്നു ആദിത്യവര്‍മ്മ രാജാവിനെ(AD 1717-1749: ഭരണകാലം) ബന്ധനസ്ഥനാക്കും വരെയും തെക്കുംകൂര്‍ സൈന്യത്തെ ധീരമായി നയിച്ചത് മുഞ്ഞനാട്ടു പണിക്കര്‍ ആയിരുന്നു. രാജകുടുംബത്തെ രഹസ്യതുരങ്കപ്പാതയിലൂടെ കടത്തി പള്ളിക്കോണം തോട്ടിലെത്തിച്ച് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റാന്‍ നേതൃത്വം കൊടുത്തതും പണിക്കരായിരുന്നു. യുദ്ധകാലത്ത് തെക്കുംകൂറിലെ കളരിപ്പണിക്കന്മാരില്‍ മിക്കവരും കൂറുമാറി തിരുവിതാംകൂര്‍ ദാസന്മാരായപ്പോള്‍ മുഞ്ഞനാട്ടു പണിക്കരും വാഴക്കൂട്ടത്തില്‍ മമ്മാലിയും അഞ്ചേരി പുന്നൂസു മാപ്പിളയും ഉണ്ണിമാത്തു തരകനും മറ്റു ചിലരും മാത്രമേ തിന്ന ചോറിനു നന്ദി കാണിച്ചുള്ളൂ എന്ന് വാമൊഴിയായി പറഞ്ഞുകേള്‍ക്കുന്നു.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പ്രാദേശികചരിത്രം വേണ്ടുംവണ്ണം പഠനവിധേയമാക്കുവാന്‍ കോട്ടയം കാര്‍ക്ക് താല്പ്പര്യമില്ലാതാകയാല്‍ ഇത്തരം എത്രയേറെ കാര്യങ്ങള്‍ വെളിവാക്കപെടാതെ കിടക്കുന്നു.

By Rajeev Pallikkonam

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>